കുവൈറ്റ് സിറ്റി: അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിനെ ചരിത്രമുറങ്ങുന്ന കണ്ണൂര്‍ കോട്ടയുടെ ചെറുപതിപ്പാക്കി മാറ്റി കുവൈറ്റിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ പത്താം വാര്‍ഷികമാഘോഷിച്ചു. കണ്ണൂരിന്റെ സാംസ്കാരിക ചരിത്രം പുനരാവിഷ്‌കരിച്ചപ്പോള്‍ തെയ്യവും മാര്‍ഗ്ഗം കളിയും കോല്ക്കളിയുമൊക്കെയായി കേരളത്തിന്റെ തനതുകലാരൂപങ്ങള്‍ കോര്‍ത്തിണക്കി ഘോഷയാത്രയായി സെന്‍ട്രല്‍ സ്‌കൂളിലെ കോട്ടമൈതാനിയിലെത്തി. കാനാമ്പുഴയുടെ തീരങ്ങളില്‍ നിന്ന് കുവൈറ്റിന്റെ പ്രവാസ ഭൂമിയിലെക്കെത്തിയ ആയിരങ്ങളാണ് കെട്ടിയാടിയ തെയ്യങ്ങളെ കാണാനും പ്രവാസലോകത്തെ സൗഹൃദം പുതുക്കുവാനും അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂളില്‍ എത്തിയത്.
ഫോക്ക് പ്രസിഡന്റ് എം.പി.ജിതേഷിന്റെ അധ്യക്ഷതയില് നടന്ന വാര്ഷിക സമ്മേളനം ഇന്ത്യന് എംബസി സെക്കന്റ് സെക്രട്ടറി എ.കെ.ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. കലാസാംസ്കാരിക, കായിക, പൊതുജനാരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഫോക്ക് നല്കി വരുന്ന എട്ടാമത് ‘ഗോള്ഡന് ഫോക്ക് പുരസ്കാരം’ ആരോഗ്യ ആതുരസേവനരംഗത്തെ മികച്ച പ്രവര്ത്തനത്തിന് കണ്ണൂര് പിലാത്തറ ഹോപ് ചാരിറ്റബിള് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.എസ്. ജയമോഹന് സമ്മാനിച്ചു. പ്രശസ്ത ശില്പി കെ.കെ.ആര് വേങ്ങര രൂപകല്പ്പന ചെയ്ത ശില്പ്പവും പ്രശസ്തിപത്രവും 25000 രൂപയും അടങ്ങുന്ന പുരസ്കാരം ജലീബ് അല് ഷുയൂഖ് പൊലിസ് ഉദ്യോഗസ്ഥന് റാഇദ് അല് മുതൈരിയാണ് കെ.എസ്. ജയമോഹന് സമ്മാനിച്ചത്. പ്രമുഖ മാധ്യമസാംസ്കാരിക പ്രവര്ത്തകരായ സജീവ് പീറ്റര്, ഹംസ പയ്യന്നൂര് ,എന്.ജയശങ്കര്, ജി.വി.മോഹന്, ടി.വി.സാബു തുടങ്ങിയവര് വാര്ഷികാഘോഷങ്ങള്ക്ക് ആശംസയര്പ്പിച്ച് സംസാരിച്ചു.
പ്രമുഖ ചലച്ചിത്ര പിന്നണിഗായകന് ഉണ്ണിമേനോനും സംഘവും അവതരിപ്പിച്ച സംഗീത സന്ധ്യയും ഫോക്ക് അംഗങ്ങള് അവതരിപ്പിച്ച വിവിധ കലാപരിപാടികളും വാര്ഷികാഘോഷ പരിപാടികള്ക്ക് മിഴിവേകി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ