ഫോക്ക് ബാലവേദീ രൂപീകരണവും അക്ഷരക്കൂട്ടത്തിന്റെ ഉൽഘാടനവും
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) കുട്ടികളുടെ കൂട്ടായ്മയായ ബാലവേദിയുടെ രൂപീകരണവും മാതൃഭാഷാ പഠനത്തിനായി രൂപീകരിക്കപ്പെട്ട അക്ഷരക്കൂട്ടത്തിന്റെ ഉൽഘാടനവും ഏപ്രിൽ 12നു വെള്ളിയാഴ്ച ഫഹാഹീലിലുള്ള ഫോക്ക് ഹാളിൽ വെച്ച് നടത്തപ്പെട്ടു.
ഫോക്ക് ജനറൽ സെക്രട്ടറി ശ്രീ ശൈമേഷ്.കെ.കെ.സ്വാഗതമാശംസികുകയും വൈസ് പ്രസിഡണ്ട് ശ്രീ ടി.കെ. രാഘവൻ അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത പ്രസ്തുത ചടങ്ങിൽ “ബാലവേദി കൺ വീനറായി ശ്യംജിത് മനോജ് ജോ. കൺ വീനറായി ചേതൻ ജിതേഷ് , സെക്രട്ടരിയായി ഗീതിക വിദ്യാധരൻ, ജോ. സെക്രട്ടരി അബിക് രാജീവ് എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
“അക്ഷരക്കൂട്ട”ത്തിന്റെ ഉൽഘാടനം കുവൈറ്റിലെ പ്രമുഖ സാഹിത്യപ്രവർത്തകനും പ്രസിദ്ധവാഗ്മിയുമായ ശ്രീ ബാബുജി ബത്തേരി നിർവഹിച്ചു.
നമുക്ക് നഷ്ടമാകുന്ന മലയാളത്തനിമയും സംസ്ക്കാരങ്ങളും ആചാരാനുഷ്ഠാനങ്ങളും അതുപോലെ നമ്മുടെ നാടിന്റെ പഴമയുടെ പുണ്യവുമായ പല കളികളും കുട്ടികൾക്ക് പകർന്നു കൊടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം തന്റെ സ്വതസിദ്ധമായ നർമ്മത്തിൽ പൊതിഞ്ഞുള്ള ഭാഷണത്തിലൂടെ സദസ്സിനെ ഓർമ്മപ്പെടുത്തുകയും ചെയ്തു..ആരാലോ നിർമ്മിതമായ വീഡിയോ ഗെയ്മുകളിൽ മുഴുകി സ്വത്വം നശിക്കുന്നവരാക്കരുതെന്നും കുട്ടികളെ കായികമായ കളികൾ കളിക്കാൻ അനുവദിക്കണമെന്നും, കുട്ടികളെ നേർവഴിക്ക് നയിക്കേണ്ടത് പ്രസംഗത്തിലൂടെയല്ലെന്നും അവരിലൊരാളായി അവരോടൊപ്പം നിന്ന് കളിക്കുകയാണ് വേണ്ടതെന്നും പറഞ്ഞ അദ്ദേഹം കുട്ടികളുടെ മനം കവരുന്ന പ്രകടനം നടത്തുകയും ചെയ്തു.
മാതൃഭാഷാ പഠനത്തിനായി ചിട്ടപ്പെടുത്തിയ വീഡിയോ ക്ലിപ്പിംഗിന്റെ പ്രദർശനം ശ്രീ രാജീവ് നിർവഹിച്ചു.
കുട്ടികൾക്ക് മലയാളാക്ഷരങ്ങൾ പകർന്നു നൽകുവാൻ നിയോഗിക്കപ്പെട്ട നിഷ ടീച്ചർ കുട്ടികളുമായി സംവാദം നടത്തി അതിനെ തുടർന്ന് കുട്ടികൾക്കുള്ള ചോദ്യോത്തരങ്ങളും സമ്മാനവിതരണവും ഉണ്ടായി.
മലയാള ഭാഷാ പഠനത്തിനായി കുവൈറ്റിലെ പല ഭാഗങ്ങളിൽ നിന്നുമുള്ള കുട്ടികൾ ആവേശപൂർവ്വം പേരു രജിസ്റ്റർ ചെയ്തു. ക്ലാസ്സുകളിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണെന്നും വെള്ളിയാഴ്ച തോറും ഉച്ചയ്ക്ക് 1:30 ന് ഉണ്ടാകുന്നതാണെന്നും വൈവിദ്ധ്യമുള്ള പലതരം കളികളും കഥകളും കവിതകളും വിജ്ഞാനങ്ങളും ഉൾക്കൊള്ളിച്ചുള്ളതാണെന്നും സംഘാടകസമിതി അറിയിച്ചു.
ഫോക്ക് രക്ഷാധികാരി ശ്രീ ഐ. വി ദിനേഷ്, മുന്‍ പ്രസിഡണ്ട് ശ്രീ ബി പി സുരേന്ദ്രൻ, ട്രഷറർ കെ വി വിജേഷ് , വനിതാവേദി ജന. കണ്‍വീനർ വിദ്യ സുമോദ് എന്നിവർ ആശംസകൾ അർപിച്ചു സംസാരിച്ചു